താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍

ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമാണ്‌ ക്ഷേത്രവും ആരാധനാരീതികളും നമ്മോടു പങ്കുവയ്ക്കുന്നത്‌. തമിഴ്‌നാടിന്റെ ഭാഗമായ തിരുനല്‍വേലിയില്‍ നിന്ന്‌ വിവിധ ക്ഷേത്ര നിര്‍മ്മിതിക്കായി തിരുവിതാംകൂറിലെത്തിച്ചേര്‍ന്ന ഒരു ശില്‍പി സമൂഹത്തിലെ അംഗങ്ങള്‍ ആണ്‌ നമ്മള്‍. വൈക്കം മഹാദേവ ക്ഷേത്ര നിര്‍മ്മിതിയാണ്‌ അതില്‍ പ്രധാനമായത്‌. വൈക്കം ക്ഷേത്രചരിത്രരേഖകളില്‍ നിന്നും പുരാതന ശിലാലിഖിതങ്ങളില്‍നിന്നും ഇതു വ്യക്തമായി മനസിലാക്കാവുന്നതാണ്‌. ക്ഷേത്രത്തില്‍ നിന്ന്‌ അഞ്ചുശിലാ ശാസനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌ അതിലൊന്ന്‌ തമിഴ്‌ വട്ടെഴുത്തിലും മറ്റുള്ളവ ഗ്രന്ഥ ലിപിയിലുമുള്ളതാണ്‌. ആധുനിക മലയാള ലിപി രൂപംകൊള്ളുന്നതിനും എത്രയോ മുന്‍പാണിതെന്ന്‌ ചരിത്രപരമായി മനസിലാക്കുമ്പോഴറിയാം ഈ തമിഴ്‌ വിശ്വബ്രഹ്മ സമൂഹത്തിന്റെ ചരിത്രപരമായ പ്രസക്തി.

അന്നത്തെ തിരുവിതാംകൂർ രാജാക്കന്‍മാരാല്‍ അംഗീകരിക്കപ്പെട്ട നമ്മുടെ പൂര്‍വ്വിക സമൂഹം ക്ഷേത്രനിര്‍മ്മാണാനന്തരം തിരികെ പോകാതെ പഴയ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിലായി വാസം ഉറപ്പിച്ചു. നമുക്കായി കരമൊഴിവായി സ്ഥലങ്ങള്‍ നല്‍കി, സ്വന്തം ഇഷ്ടമൂര്‍ത്തികളെ പ്രതിഷ്ഠിച്ചാരാധിക്കുവാനുള്ള അനുവാദം രാജാവ്‌ നല്‍കുകയുമാണുണ്ടായത്‌. തലയോലപ്പറമ്പ്‌ എറണാകുളം റോഡില്‍ വടകരയ്ക്കടുത്ത്‌ ബ്രഹ്മമംഗലം പ്രദേശത്താണ്‌ താമരക്കുളം കുടുംബ ക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്ര മാഹാത്മ്യത്തോടെ സര്‍വൈശ്വര്യങ്ങളോടും കൂടി നിലനില്‍ക്കുന്നത്‌. ആവടയമ്മ പ്രധാന ആരാധനാമൂര്‍ത്തിയും ശങ്കരനാരായണ പ്രതിഷ്ഠ പ്രധാനമായുള്ളതുമായ ക്ഷേത്രം വീരഭദ്രസ്വാമിയുടെയും, നാഗദൈവങ്ങളുടെയും, ശാസ്താഗണപതി പ്രതിഷ്ഠകളുടയും, ഗുരുവിന്റെയും സാമിപ്യം കൊണ്ട്‌ കുലസംരക്ഷണത്തിന്‌ സര്‍വ്വദ യോഗ്യമായി പരിലസിക്കുന്നു. ക്ഷേത്രസമീപത്തായി ഒരു താമരക്കുളം ഉണ്ടായിരുന്നതായി വയോധികര്‍ ഓര്‍ത്തെടുക്കുന്നു. ആ താമരക്കുളത്തിന്റെ സാമിപ്യം ആണ്‌ കുടുംബത്തിന്റെ ഈ പേരിനു കാരണം എന്ന്‌ പറയപ്പെടുന്നു.

ഘട്ടം ഘട്ടമായി പണിതീര്‍ത്ത വൈക്കം മഹാദേവക്ഷേത്രത്തിന്റെ ആദ്യഘട്ടം പതിനൊന്നാം നൂറ്റാണ്ടിലും തടിയിലുള്ള ചിത്രപ്പണികള്‍ പതിനഞ്ചും പതിനാറും നൂറ്റാണ്ടിലും ചുമര്‍ചിത്രങ്ങളുടെ പുതുക്കിപ്പണി പതിനെട്ടാം നൂറ്റാണ്ടിലുമാണ്‌ നടന്നതെന്ന്‌ കെ. വി സൌന്ദരരാജനെപ്പോലുള്ള ചരിത്ര പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നു.

ചോളശില്‍പമാതൃകയിലാണു വൈക്കം ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. വടക്കുംകൂർ രാജവംശത്തിന്റെ തെക്കെ അതിര്‍ത്തിയിലെ രാജ്യരക്ഷാകേന്ദ്രമായി ഉയര്‍ന്നുവന്നതാണീ ക്ഷേത്രമെന്നും ചരിത്രകാരന്‍മാര്‍ വാദിക്കുന്നു. അത്തരത്തിലുള്ള വാദം എന്തുതന്നെയായിരുന്നാലും ചേരചോളവംശ ഭരണവും, പാണ്ഡ്യ നാടും തിരുവിതാംകൂറുമൊക്കെ ഭൂമിശസ്ത്രപരമായി ഇന്നത്തെ കേരളവും തമിഴ്‌നാടുമൊക്കെയായി മാറുന്നതിനും വളരെ മുന്നേ തന്നേ പാണ്ഡ്യദേശക്കാരായ ശില്‍പി സമൂഹം ഈ തിരുവിതാംകൂറിന്റെ മണ്ണിലെത്തി രാജദത്തമായ സ്ഥാനമാനങ്ങളോടെ വാസമുറപ്പിച്ചു എന്നതില്‍ സന്ദേഹമില്ല.

തമിഴുമായുള്ള മലയാളത്തിന്റെ ബന്ധം ആര്‍ക്കും തച്ചുടയ്ക്കാവുന്നതല്ല. വൈക്കത്തു ഭട്ടാരകര്‍ എന്നാണു ശിലാശാസനങ്ങളില്‍ വൈക്കത്തപ്പനു പേര്‍. എന്നു മാത്രമല്ല തമിഴ്‌ ശിലാലിഖിതങ്ങള്‍ നമ്മുടെ പൂര്‍വ്വികരുടെ മഹനീയ സാനിദ്ധ്യത്തെ കാണിക്കുന്നു എന്നത്‌ നമുക്ക്‌ അഭിമാനാര്‍ഹമാണ്‌.

വൈക്കത്തെ നാലമ്പലത്തിന്റെ വടക്കേ മൂലയ്ക്കലേ മാതൃസ്ഥാനത്തിരുന്ന്‌ തമിഴ്ബ്രാഹ്മണന്റെ രൂപത്തില്‍ ഭഗവാന്‍ ഭക്ഷണം കഴിക്കുന്നതായി വില്വമംഗലത്തു സ്വാമിയാര്‍ കണ്ടതായി ഐതീഹ്യമുണ്ട്‌. സന്ധ്യാവേലയുടെ കാര്യവിചാരസദസില്‍ വച്ച്‌ തമിഴ്‌ ബ്രാഹ്മണന്റെ രൂപത്തില്‍ വൈക്കത്തപ്പന്‍ പങ്കുകൊള്ളുന്നത്‌ ആയില്യം തിരുന്നാള്‍ മഹാരാജാവ്‌ കാണാനിടയായതും ക്ഷേത്ര ചരിത്രത്തില്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തമിഴ്‌ ദേശം വൈക്കം ക്ഷേത്രത്തിന്റെ അവിഭാജ്യ ചരിത്ര പരതയാണെന്നത്‌ അവിസ്മരണീയമാണ്‌. ഭഗവാന്‌ ആ ദേശക്കാരോടുള്ള സ്നേഹവായ്പും നമുടെ വിശ്വബ്രഹ്മ സമൂഹത്തിന്‌ മൂല്യമേറ്റുന്നതാണ്‌. വൈക്കം ക്ഷേത്ര നിര്‍മ്മിതിയലും തിരുവാഭരണം തയ്യാറാക്കുന്നതിലുള്ള നമ്മുടെ പങ്കിനു തെളിവാണ്‌ സന്ധ്യാവേലകളിലെ നമ്മുടെ സ്ഥാനം.

കോട്ടയം ഏറ്റുമാനൂർ എം.സി റോഡില്‍ കുമാരനല്ലൂർ കരയിലെ കാര്‍ത്യായനി ദേവീക്ഷേത്രവും ഇതേരീതിയില്‍ തമിഴ്‌ വിശ്വബ്രഹ്മ പിതാക്കന്‍മാരുമയി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ തെക്കെ ഗോപുരവാതില്‍ക്കലെ ആലിന്‍ ചുവട്ടിലെ ഭദ്രകാളി പ്രതിഷ്ഠയ്ക്കുമുന്നിലെ വലിയ കല്‍വിളക്ക്‌ തമിഴ്‌ വിശ്വബ്രഹ്മസമൂഹത്തിണ്റ്റേതാണ്‌. വൃശ്ചിക മാസത്തിലെ കാര്‍ത്തിക മഹോത്സവവുമായി ബന്ധപ്പെട്ട്‌ ആ വിളക്ക്‌ തിരിതെളിക്കാനുള്ള അവകാശവും തമിഴ്‌ വിശ്വബ്രഹ്മ സമൂഹത്തിനാണ്‌. കാലപ്പഴക്കമുള്ള ഈ ആചാരങ്ങളും തെളിവുകളുമെല്ലാം സൂചിപ്പിക്കുന്നത്‌ തമിഴ്‌ വിശ്വബ്രഹ്മസമൂഹത്തിന്റെ ആചാരപ്പഴമയും പാരമ്പര്യപ്പെരുമയുമാണ്‌.

വൈക്കംക്ഷേത്രത്തോളം പഴമയവകാശപ്പെടാം നമ്മുടെ കുടുംബക്ഷേത്രങ്ങള്‍ക്കും. കാരണം വൈക്കം ക്ഷേത്രനിര്‍മ്മാണ ഘട്ടത്തിലാണല്ലോ നമ്മുടെ പൂര്‍വ്വപിതാക്കളുടെ വരവും ഈ സംസ്ക്കാരത്തിലേയ്ക്കുള്ള ജീവിത പറിച്ചു നടലും.

തിരുവിതാംകൂർ രാജാവില്‍ നിന്ന്‌ കരമൊഴിവായിക്കിട്ടിയ 23.5 സെണ്റ്റ്‌ സ്ഥലത്താണ്‌ ഇന്നത്തെ താമരക്കുളം ക്ഷേത്രം നിലനില്‍ക്കുന്നത്‌. രാജസമ്മതത്തോടെ ഇഷ്ടദൈവാരാധനയാരംഭിച്ച പൂര്‍വ്വപിതാക്കള്‍ ദേവീസങ്കല്‍പത്തില്‍ ഒരു ചന്ദനഗദയാണ്‌ ആദ്യമായി പൂജിച്ചത്‌. വാളും ചിലമ്പും ദേവീസാന്നിദ്ധ്യം വിളിച്ചോതി ഇന്നും നിലനില്‍ക്കുന്നു. ഈട്ടിതടിയില്‍ തീര്‍ത്ത ഗദകളാണ്‌ ശങ്കരനാരായണസ്വാമിക്കും വീരഭദ്രസ്വാമിക്കും പ്രതീകമായി പ്രതിഷ്ഠിക്കപ്പെട്ടത്‌. ശാസ്താവിണ്റ്റേതായി ചൂരലും പ്രതിബിംബങ്ങളായി മാറി. (കന്നിമൂലയിലാണ്‌ നാഗ-ശാസ്താ-ഗണപതി പ്രതിഷ്ഠകളുള്ളത്‌) തുടര്‍ന്ന്‌ കാലാന്തരത്തില്‍ വിഗ്രഹ നിര്‍മ്മാണവും പുനഃപ്രതിഷ്ഠയും നടന്നു. തിരുവാഭരണങ്ങളും നിര്‍മ്മിക്കപ്പെട്ടു. 04/02/2003 ല്‍ മകരപുണര്‍തത്തിലാണ്‌ പുനഃപ്രതിഷ്ഠ നടന്നത്‌. അതേ മകര പുണര്‍തത്തിലാണ്‌ ഭക്തര്‍ ആവടയമ്മയ്ക്ക്‌ പൊങ്കാല സമര്‍പ്പിക്കുന്നത്‌. പിന്നീടിങ്ങോട്ട്‌ പലതവണയായി ക്ഷേത്രജീര്‍ണോദ്ധാരണം നടത്തി. അതാതു കാലങ്ങളിലെ ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ അതിനായി നടത്തിയ അശ്രാന്ത പരിശ്രമം ഈശ്വരാനുഗ്രഹത്തിനും വിജയത്തിനും അവരെ പാത്രീഭൂതരാക്കി. നിലവില്‍ ക്ഷേത്രം ആധുനിക കാലത്തിനൊത്ത്‌ ചുറ്റുമതിലും പ്രദക്ഷിണ വഴിയും നടപ്പന്തലും നിത്യനിദാന പൂജകളുമൊക്കെയായി പുരോഗതി പ്രാപിച്ചിരിക്കുന്നു. ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ക്കും, ശാന്തിക്കുള്ള വേതനത്തിനുമൊക്കെയായി ധനം ധാരാളമായി ചിലവാക്കേണ്ടതായി വരുന്നു. എങ്കിലും ഈശ്വര സാന്നിദ്ധ്യം തിരിച്ചറിയുന്ന ഭക്തര്‍ അത്‌ ഏറ്റെടുക്കുന്നു എന്നത്‌ ആശ്വാസജനകമാണ്‌. തുടര്‍ന്നുള്ള പുരോഗതിക്കായി തികച്ചും യോഗ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇപ്പോഴത്തെ കര്‍മ്മനിരതരായ കമ്മറ്റിയംഗങ്ങള്‍ക്ക്‌ കഴിയുന്നുണ്ട്‌ എന്നത്‌ വളരെ സ്വീകാര്യമാണ്‌.

ക്ഷേത്ര തന്ത്രിയും പുജാരിയും
കുമാരനല്ലൂര്‍ കരയില്‍ വസിക്കുന്ന കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് താമരക്കുളം ക്ഷേത്രത്തിന്റെ തന്ത്രി. കേരളത്തിലെ അതി പ്രാചീനവും പ്രസിദ്ധവുമായ പല ക്ഷേത്രങ്ങളുടെയും തന്ത്രി പദമലങ്കരിക്കുന്നത്  ഈ കടിയക്കോല്‍ മനയിലെ പുണ്യശാലികളാണ്. നിയോഗം പോലെ നമ്മുടെ ക്ഷേത്രത്തിനും അത്തരത്തിലുള്ള പുണ്യശാലിയുടെ നേതൃത്വത്തിനുള്ള  സൗഭാഗ്യം സിദ്ധിച്ചിരിക്കുന്നു. കേരളപ്പഴമയുടെ സകല താന്ത്രിക  ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ക്ഷേത്ര കര്‍മ്മങ്ങളിലും ജ്ഞാനികളാണ് കടിയക്കോല്‍ തന്ത്രിമാര്‍.

മാസപുജകളും മറ്റുമുഖ്യകര്‍മങ്ങളും ചെയ്ത് ഈശ്വര ചൈതന്യത്തേ ഭക്തരോട് ചേര്‍ത്തുവയ്ക്കാന്‍ ഈശ്വര മന്ത്രമുരിക്കഴിച്ച് ക്ഷേത്ര ഐശ്വര്യത്തെ നില നിര്‍ത്തുവാന്‍ ക്ഷേത്ര മേല്‍ ശാന്തി ശ്രീ ഹരിദാസന്‍ നമ്പൂതിരിയാണ്. അദ്ദേഹത്തിന്റെ ജന്മം കേരള പഴമക്ക് ഏറെ സുപരിചിതമായ അയ്യോഴി ഇല്ലത്താണ്. ഇന്നുകളില്‍ നിന്നുപോയെങ്കിലും തിരുവിതാംകൂർ രാജകുടുംബത്തിലെ ഓരോ നവപുജയ്ക്കും വായമ്പുകൊടുക്കുന്നതിനുള്ള അര്‍ഹത അയ്യോഴി ഇല്ലാത്തുകാര്‍ക്കായിരുന്നു. കാലക്രമത്തില്‍ ഈ ആചാരം ഇല്ലാണ്ടായി. എങ്കിലും ഇല്ലത്തിന്റെ പ്രൗഢി ഇപ്പോഴും നിലനില്‍ക്കുന്നു.

സരസനും പണ്ഡിതനും വേദജ്ഞാനിയുമായ ഹരിദാസന്‍ നമ്പൂതിരിയുടെ മറ്റൊരു പ്രധാന്യം അദ്ദേഹം താന്ത്രിക കുലപതി ശ്രീ മണയ്ക്കപ്പാട്ട് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ ശിഷ്യനാണ് എന്നുള്ളതാണ്. കേരളത്തിലെ വിധിപ്രകാരമുള്ള താന്ത്രിക ആചാരങ്ങള്‍  ഗ്രഹിച്ചവരും അതേവിഷയത്തില്‍ ധാരാളം ശിഷ്യ സമ്പത്തുള്ളതുമായ താന്ത്രിക ആചാര്യന്മാര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ശ്രീ മണയ്ക്കപ്പാട്ട് ചന്ദ്രശേഖരന്‍ നമ്പൂതിരി താന്ത്രിക കുലപതി തന്നെയാണ്. അദ്ദേഹത്തിന്റെ ശിഷ്യനാണ് നമ്മുടെ ക്ഷേത്ര മേല്‍ശാന്തി ഹരിദാസന്‍ നമ്പൂതിരി. ഗുരുവിന്റെ കര്‍മ കുശലതയും, ഗ്രാഹ്യവും പുണ്യവുമൊക്കെ ഒരു ശിഷ്യനിലും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്‌. വാക്കുകളില്‍ തികഞ്ഞ അറിവും വിനയവും കാണിക്കുന്ന ശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരി നമ്മുടെ ക്ഷേത്രത്തെ തന്റെ ആത്മസമര്‍പ്പണവും, വേദജ്ഞാനവും, ഭക്തിയും താന്ത്രിക വിദ്യയും കൊണ്ട് ചൈതന്യവത്താക്കുന്നു.

ക്ഷേത്ര പുനപ്രതിഷ്ഠാകാലം മുതല്‍ അതായത് ഏകദേശം പതിമുന്നു വര്‍ഷക്കാലമായി ശ്രീ ഹരിദാസന്‍ നമ്പൂതിരിയാണ് നമ്മുടെ ക്ഷേത്രത്തിന്റെ മേല്‍ശാന്തി അദ്ദേഹത്തിന്റെ പുജാധി കര്‍മ്മങ്ങള്‍ ഈശ്വരനു സ്വീകാര്യമാണ് എന്നതാണ് ഇതിനുകാരണം. തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നത്. വ്യക്തമായ തത്വചിന്തയും ഭക്തിമാര്‍ഗവും അദ്ദേഹത്തിനുണ്ട് ക്ഷേത്രമെന്നത് വെറും നിര്‍മ്മിതി മാത്രമല്ല, ആത്മീക ശ്രോതസാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നയിക്കുന്നത്. ഭക്തന്റെ ആത്മീയ ഉന്നമനമാണ് ക്ഷേത്രദര്‍ശനം  കൊണ്ടുണ്ടാവേണ്ടതെന്ന വ്യക്തമായ ജ്ഞാനം വച്ചു പുലര്‍ത്തുന്നുണ്ട് നമ്മുടെ മേല്‍ശാന്തി.

പേര്
മൊബൈല്‍
ഇമെയില്‍
സന്ദേശം

സന്ദര്‍ശന സമയം : എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലേ 5:00 മുതല്‍ 9:30 വരെ. വൈകുന്നേരം 6:00 മുതല്‍ 7:30 വരെ
© Copyright All rights reserverd by താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍