താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍

ആഘോഷങ്ങള്‍

പത്താമുദയം
സൂര്യവര്‍ഷത്തിനു ആരംഭം കുറിക്കുന്ന മേടമാസത്തിലെ പത്താമുദയ ദിനത്തിലെ ആഘോഷം ഒട്ടേറെ ആചാരവിശേഷങ്ങളോടെയാണ്‌ കൊണ്ടാടുന്നത്‌.

ആദ്യദിവസം കരോട്ട്‌ പ്ളാപ്പള്ളില്‍ കുടുംബത്തില്‍ വച്ച്‌ കുടുംബകാരണവരുടെ കാര്‍മികത്വത്തില്‍ വലിയംകുടം പൂജ നടത്തുന്നു. ശ്രീ ചാമിയാചാരി മകന്‍ ശ്രീ കെ. സി. ബാബുവാണ്‌ ഇപ്പോള്‍ ഈ ചടങ്ങിന്‌ കര്‍മ്മിയാകുന്നത്‌.

രണ്ടാം ദിവസം രാവിലെ ബ്രഹ്മമംഗലം മഹാദേവക്ഷേത്രത്തില്‍ പായസനിവേദ്യത്തിനുള്ള സാധനങ്ങള്‍ നല്‍കി ഭഗവാന്‌ പായസം നേദിക്കല്‍ ചടങ്ങ്‌ നടത്തിക്കൊണ്ട്‌ കുടം പൂജാഘോഷയാത്രയാരംഭിക്കുന്നത്‌ പത്താമുദയ മഹോത്സവത്തിന്റെ വിശേഷതയാണ്‌.

താമരകുളം കുടുംബക്ഷേത്രത്തിനു സമീപമുള്ള കിഴക്കേടം കുടുംബത്തിന്റെ ശങ്കരനാരായണ ക്ഷേത്രത്തില്‍ ചന്ദനത്തിരിയും ദീപവും നല്‍കലും തിരികെ വാങ്ങലും ഉത്സവത്തിന്റെ ഭാഗമായി നടത്തിപ്പോരുന്ന മറ്റൊരു ചടങ്ങാണ്‌.

കാപ്പുകെട്ടി മാലയിട്ട്‌ വ്രതമെടുത്ത്‌ മഞ്ഞള്‍ മുക്കിയ ശുഭവസ്ത്രങ്ങള്‍ ധരിച്ചാണ്‌ ദേവിക്ക്‌ കുടം എടുക്കാന്‍ ഭക്തര്‍ എത്തുക. കൃത്യനിഷ്ഠയോടുകൂടിയ കഠിന വ്രതമാണ്‌ ഈ ദിനങ്ങളില്‍ ഭക്തമനസ്സിനേയും ശരീരത്തിനേയും ശുദ്ധമാക്കുന്നത്‌. മത്സ്യ-മാംസാദി അഹിത ആഹാരങ്ങള്‍ വെടിഞ്ഞാണ്‌ വ്രതം. രണ്ടുനേരവും സ്നാനാദി കര്‍മ്മങ്ങള്‍ ചെയ്ത്‌ ശരീര ശുദ്ധിവരുത്തി ദേവീഭജനത്തില്‍ മുഴുകേണ്ടതാണ്‌. വിഷം തുടങ്ങിയ ദോഷമാലിന്യങ്ങളെ നിവാരണം ചെയ്യാന്‍ തക്കതായ ശക്തിയുള്ളതാണ്‌ മഞ്ഞള്‍. അതുകൊണ്ടു തന്നെ മഞ്ഞള്‍ മുക്കിയ വസ്ത്രങ്ങള്‍ ധരിക്കുന്നത്‌ ആരോഗ്യപ്രദവുമാണ്‌. മേടസൂര്യന്റെ തീഷ്ണമായ ചൂടില്‍ നിന്ന്‌ രക്ഷനേടുവാനും ഈ മഞ്ഞളും മഞ്ഞ വസ്ത്രവും ഔഷധ സസ്യങ്ങളും മനുഷ്യശരീരത്തെ പ്രാപ്തമാക്കുന്നുവെന്നത്‌ ഇതിലെ ശാസ്ത്രീയത.

ബ്രഹ്മമംഗലം മഹാദേവക്ഷേത്രത്തില്‍ നിന്നാണ്‌ കുടുംപൂജ ഘോഷയാത്ര ആരംഭിക്കുന്നത്‌. നമ്മുടെ ക്ഷേത്രത്തിലെ ആചാര്യനാണ്‌ (കോമരം) കുടും നിറച്ചു കൊടുക്കുന്നതിന്‌ അര്‍ഹന്‍. മഹാദേവസന്നിധിയിലെ കൊടിമര ചുവട്ടില്‍ നിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര വിവിധ ആഘോഷങ്ങളോടെ വാദ്യമേളങ്ങളോടെ വര്‍ണ്ണാഭമായി വ്രതക്കാരും കുടുംബക്കാരും ചേര്‍ന്ന്‌ ഭക്തി സാന്ദ്രമായി ദേവീസന്നിധിയില്‍ എത്തിച്ചേരുന്നു. ശ്രീകോവിലിന്‌ പ്രദക്ഷിണം വച്ച്‌ എല്ലാ കുടംങ്ങളിലേയും മഞ്ഞള്‍പ്പൊടി ദേവീയ്ക്ക്‌ അഭിഷേകം നടത്തി ഭക്തര്‍ ദേവീയുടെ അനുഗ്രഹം നേടുന്നു. അതോടെ പത്താമുദയദിനത്തിലെ കുടംപൂജാഘോഷയാത്രയ്ക്ക്‌ സമാപനം ആകുന്നു.

കുംഭകുടം അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ആര്യവേപ്പ്‌ തുടങ്ങിയ ഔഷധസസ്യങ്ങളുടെ തളിര്‍കുലകളും, കമുകിന്‍ പൂക്കുലകളും, മഞ്ഞള്‍ ഗന്ധവും ചേര്‍ന്ന്‌ ഔഷധവീര്യവും, ഈശ്വരീയവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മനസ്സിലെ ഭക്തിയും, ശരീരത്തിന്റെ വ്രതനിഷ്ഠയും ചുറ്റും കൂടിയ ഭക്തജനങ്ങളുടെ ശരണപ്രാര്‍ത്ഥനകളും ചേരുമ്പോള്‍ വ്രതാനുഷ്ഠാനത്തോടെ ദേവീപ്രസാദത്തിനായി കുടം എടുത്തിന്റെ പുണ്യം വ്യക്തിയിലേയ്ക്കും തദ്വാര കുടുംബത്തിലേക്കും വന്നു നിറയുന്നു. താളമേളങ്ങളും കത്തുന്ന സൂര്യന്റെ ചൂടും ഭക്തര്‍ക്ക്‌ ആവേശം ഉണര്‍ത്തുന്നു. ദേവീസന്നിധിയിലെ മഞ്ഞള്‍ ഗന്ധം സര്‍വ്വരോഗദുരിതങ്ങള്‍ക്കുമുള്ള ഔഷധമായി ക്ഷേത്രമാകെ നിറഞ്ഞു നില്‍ക്കും. തിരുമുഖശോഭവര്‍ദ്ധിത പ്രകാശമായി വിഗ്രഹത്തില്‍ നിന്ന്‌ ഭക്തഹൃദയങ്ങളിലേയ്ക്ക്‌ വ്യാപിക്കും. അതോടെ ദേവീദര്‍ശന പുണ്യം സര്‍വ്വദുരിതനിവാരകമായ അനുഗ്രഹമായി ഭക്തര്‍ക്ക്‌ സിദ്ധിക്കുന്നതാണ്‌.

ദേവീ ചൈതന്യത്തിന്റെ നേര്‍ക്കാഴ്ചയായി പട്ടും ചിലമ്പുമണിഞ്ഞ്‌ കോമരം മഹോത്സവത്തിന്റെ സജീവ സാന്നിദ്ധ്യമായി മാറുന്നു.

തദ്ദിനത്തില്‍ വൈകുന്നേരം ക്ഷേത്രമതില്‍ക്കകത്ത്‌ നടക്കുന്ന വില്ലടിച്ചാന്‍പാട്ട്‌ നമ്മുടെ മറ്റൊരു പ്രത്യേക അനുഷ്ഠാനമാണ്‌. വൈക്കം ദേശക്കാരായ ചെട്ടിയാര്‍ സമുദായക്കാരാണ്‌ കാലങ്ങളായി ഇവിടെ ദേവിയുടെ തിരുമുമ്പില്‍ പാട്ട്‌ സമര്‍പ്പിക്കുന്നത്‌. തലയില്‍ നേര്യമുണ്ട കെട്ടി ചന്ദനക്കുറിവരച്ച്‌ (കൂടുതലായും)ചെട്ടിയാര്‍ വിഭാഗത്തില്‍പെട്ട കലാകാരന്‍മാര്‍ വില്ലില്‍ ഞാണ്‍ കെട്ടി വീശുകോലുകൊണ്ട്‌ അടിച്ചു പാടുന്ന ക്ഷേത്രകലയാണ്‌ വില്ലുകൊട്ടിപാട്ട്‌ അല്ലെങ്കില്‍ വില്‍പ്പാട്ട്‌. ജാലര്‍കുടം, ഡോലറ്റ്‌, വിശറി എന്നീ വാദ്യോപകരണങ്ങളും ഇതിനായി ഉപയോഗിക്കുന്നു. ദേവീദേവന്‍മാരുടെ ചരിതങ്ങളും അപദാനകീര്‍ത്തനങ്ങളുമാണ്‌ തെക്കന്‍ പാട്ടുകളുടെ അവതരണശൈലിയില്‍ ചൊല്ലുന്നത്‌. ദേവീപ്രീതികരമായ ഈ അനുഷ്ഠാനകല മുടങ്ങാതെ ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.

13 നാളുകളിലെ ശുദ്ധമായ വ്രതാനുഷ്ഠാനം കൊണ്ട്‌ പവിത്രരാണ്‌ ഭക്തര്‍. കോപമത്സരാദികളും, മത്സ്യമാംസാദികളും വെടിഞ്ഞ്‌ ശുദ്ധത്യാഗത്തിന്റെ ജീവിതമാണ്‌ ഭക്തരീദിനങ്ങളില്‍ നയിക്കുന്നത്‌. ശുദ്ധമാനസരായ ഭക്തര്‍ തങ്ങളുടെ ഇഷ്ടദേവതയായ ആവടയമ്മയ്ക്ക്‌ അന്ന്‌ വൈകുന്നേരം കോമരത്തിന്റെ നേതൃത്വത്തില്‍ ബാധയൊഴിക്കലും ഗുരുതിപൂജയും നടത്തുന്നു. ഗുരുതിപൂജയും ഭൂതഗണങ്ങള്‍ക്കുള്ള ബലിയും നല്‍കിയശേഷം ക്ഷേത്ര നടയടയ്ക്കുന്നതോടെ പത്താമുദയ മഹോത്സവത്തിന്‌ തിരശീലവീഴുന്നു. തുടര്‍ന്ന്‌ ഏഴു ദിവസത്തേയ്ക്ക്‌ ആരും ക്ഷേത്രമതില്‍ക്കകത്ത്‌ പ്രവേശിക്കാറില്ല. ഭൂതഗണങ്ങള്‍ സച്ഛന്ദം വിഹരിക്കുന്ന ക്ഷേത്രാങ്കണത്തില്‍ തദ്ദിനങ്ങള്‍ മാനവരെ അങ്ങോട്ടേയ്ക്ക്‌ നിഷിദ്ധരാക്കുന്നു. സപ്തദിനങ്ങള്‍ക്കുശേഷം കോമരത്തിന്റെയും പൂജാരിയുടയും നേതൃത്വത്തില്‍ ക്ഷേത്രപ്രവേശനം നടത്തി ഗുരുതിയുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നു.

ഒരാണ്ടിന്റെ ദര്‍ശനപുണ്യഫലമാണ്‌ പത്താമുദയ പൂജാദര്‍ശനം കൊണ്ട്‌ ഭക്തന്‌ സിദ്ധിക്കുന്നത്‌. കുടമെടുക്കല്‍ കുടുംബത്തിലെ സര്‍വ്വദുരിത പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നതാണ്‌. ദേവി സന്തോഷവതിയായിരിക്കുന്ന അവസരത്തില്‍ ഭക്തരുടെ ഓരോ പ്രാര്‍ത്ഥനയും ചെവിക്കൊള്ളുന്നതാണ്‌ എന്നുമാത്രമല്ല നമ്മള്‍ നല്‍കുന്ന പൂജകളും വഴിപാടുകളും സ്വീകരിച്ച്‌ അനുഗ്രഹിക്കുന്നതുമാണ്‌.

പൊങ്കാല (മകര പുണര്‍തം)
നമ്മുടെ കുടുംബക്ഷേത്രത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ്‌ മകരമാസത്തിലെ പുണര്‍തം നാള്‍. ക്ഷേത്ര പ്രതിഷ്ഠാദിനം കൂടിയാണെന്നത്‌ സവിശേഷതയാണ്‌. 04/02/2004 ലാണ്‌ ക്ഷേത്രപുന:പ്രതിഷ്ഠ നടന്നത്‌. ആ പ്രത്യേക ദിനത്തിന്റെ മംഗളപൂര്‍ണതയും ഐശ്വര്യവും കണക്കിലെടുത്ത്‌ അന്നപൂര്‍ണ്ണേശ്വരിയായ ആവടയമ്മയ്ക്ക്‌ മുന്നില്‍ ഭക്തരായ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിക്കുന്നു.

സാധാരണയായി അരിയും ശര്‍ക്കരയും നെയ്യും കല്‍ക്കണ്ടവും ഉണക്ക മുന്തിരിയും ചേര്‍ത്ത പൊങ്കല്‍ നിവേദ്യമാണ്‌ തയ്യാറാക്കുന്നത്‌. മകരത്തില്‍ പുണര്‍തം നാളില്‍ അതിരാവിലെ തന്നെ നടതുറന്ന്‌ പൂജാദി വിധി കര്‍മങ്ങള്‍ ക്ഷേത്രം മേല്‍ശാന്തി നടത്തുന്നു. പ്രസന്നപൂജയും നടത്തിയ ശേഷം ശ്രീകോവിലില്‍ നിന്ന്‌ ദീപം പകര്‍ന്ന്‌ ആചാരപ്രകാരം മന്ത്രധ്വനികളോടെ പൊങ്കാലയടുപ്പുകളിലേയ്ക്ക്‌ പകരുന്നതോടെ ദേവീശരണമന്ത്രങ്ങളോടെ അന്തരീക്ഷം അലംകൃതമാകുന്നു. ക്ഷേത്രാന്തരീക്ഷവും അങ്കണവും വിശുദ്ധമായ യാഗാഗ്നിയാലെന്ന പോലെ ജ്വലിച്ചുണരുന്നു. ഓരോ അടുപ്പിലേയ്ക്കും പടര്‍ന്നു കത്തുന്നത്‌ ശ്രീകോവിലില്‍ നിന്നു പടര്‍ത്തപ്പെട്ട ശുദ്ധതീനാളമാണല്ലോ. ആ ദിവ്യമായ ജ്വാലയാല്‍ വ്രതമെടുത്ത്‌ തയ്യാറായ സ്ത്രീകള്‍ (പുത്തന്‍ മണ്‍കലത്തില്‍) ദേവിയ്ക്കായി പായസാന്നം തയ്യാറാക്കുന്നു. ഓരോ ഭക്തജനങ്ങളുടെയും കര്‍മദോഷത്തിന്റെ കാഠിന്യമനുസരിച്ച പൊങ്കാലക്കലം തിളച്ച്‌ നിറഞ്ഞു തൂവുന്നതോടെ കുരവകൊണ്ട്‌ ദേവിക്ക്‌ അര്‍ച്ചന സമര്‍പ്പിക്കുന്നു ഭക്തജനങ്ങള്‍.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലെ കുരവയിലും ധൂപത്തിലും അഗ്നിജ്വാലയിലും എന്തിനേറെ ഓരോ ഭക്തരുടെ തിളക്കമുള്ള നേത്രങ്ങളായും ദേവി സര്‍വ്വത്ര നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നതാണ്‌. അനിര്‍വചനീയമായ ഒരു അലൗകികശാന്തി ഓരോരുത്തരിലും വന്നു നിറയുന്നത്‌ നമുക്ക്‌ അനുഭവിച്ചറിയാന്‍ കഴിയും. മിഴി പൂട്ടിനിന്ന്‌ രണ്ടു കയ്യും ചേര്‍ത്തു കൂപ്പി ദേവീശരണമന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ മനസിലാകും ആ അഭൗമശക്തി സര്‍വ്വാംഗം സ്വര്‍ണവര്‍ണയായി നമുക്കുമുന്നിലൂടെ ഓരോ പൊങ്കാല കലത്തിനു മുന്നിലുമെത്തി പൊങ്കാല നിവേദ്യം സ്വീകരിച്ച്‌ ഭക്തരെ അനുഗ്രഹിക്കുന്നുവെന്ന്‌. തുടര്‍ച്ചയായി മൂന്നു വര്‍ഷമോ അതിലധികമോ ആയ നിശ്ചിത എണ്ണത്തിലുള്ള പൊങ്കാല സമപ്പണം ആഗ്രഹിച്ച കാര്യം സാധിക്കുന്നതിനുതകുന്നതാകുന്നു.

എല്ലാ അടുപ്പിനടുത്തുനിന്നും കുരവയുയരുന്നതോടെ ക്ഷേത്രംതന്ത്രി പൂവും തീര്‍ത്ഥവുമായി ഓരോ പൊങ്കാലയടുപ്പിലേയ്ക്കും എത്തിച്ചേരുന്നു. വിധിപ്രകാരമുള്ള മന്ത്രങ്ങളോടെ ആചാരങ്ങളോടെ കലത്തിലേയ്ക്ക്‌ നീരും പൂവുമര്‍പ്പിച്ച്‌ ഓരോ പൊങ്കാലയും ദേവിക്കായി ഭക്തസമക്ഷം നേരിട്ടു സമര്‍പ്പിക്കുന്നു. ദേവീ ചൈതന്യത്തെ മേല്‍ക്കുമേല്‍ വര്‍ദ്ധിപ്പിച്ച്‌ കുലസംവര്‍ദ്ധകയും ഐശ്വര്യദായിനിയുമാക്കാന്‍ ഈ പൊങ്കാല സമര്‍പ്പണത്തിലെ ആത്മാര്‍ത്ഥതയൊന്നു തന്നെ ധാരാളമെന്ന്‌ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

വ്രതം എങ്ങനെ
ആറ്റുകാല്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ഒന്‍പതു ദിവസത്തെ കാപ്പുകെട്ടിയ വ്രതത്തിലൂടെയാണ്‌ പൊങ്കാല വ്രതം ആചരിക്കുന്നത്‌. പക്ഷേ നമ്മുടെ ക്ഷേത്രത്തില്‍ പൂര്‍വ്വിക നിശ്ചിതമായ ത്രിയോദശദിനങ്ങ (13)ളാണ്‌ വ്രതാനുഷ്ഠാനത്തിനായി കല്‍പിച്ചിരിക്കുന്നത്‌. ആചാരപ്രകാരം ശരീരശുദ്ധി വരുത്തി 13 ദിവസങ്ങളിലും ഒരു നേരം അരിയാഹാരം കഴിച്ച്‌ ബാക്കി നേരങ്ങളില്‍ ഫലങ്ങള്‍ ഭക്ഷിക്കേണ്ടതാകുന്നു. സമ്പൂര്‍ണ്ണ ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതാകുന്നു. ശരീര ശുദ്ധി പ്രഥമഗണനീയം തന്നെ. മത്സ്യ മാംസാദികള്‍ ഈ ദിനങ്ങളില്‍ വര്‍ജ്ജിക്കേണ്ടതാകുന്നു. സസ്യാഹാരം മാത്രം കഴിക്കേണ്ടതാകുന്നു. കാമവും ദ്വേഷവും ദേഷ്യവും വര്‍ജ്ജിക്കേണ്ടതാകുന്നു. ആരേക്കുറിച്ചും അസൂയ മനസ്സില്‍ പോലും പാടില്ലാത്തതാകുന്നു. ആരോടും കോപിക്കാതെ ആത്മസംയമനം പാലിക്കേണ്ടതാകുന്നു. സദാ നല്ലതും ശുഭമായതും മാത്രം സംസാരിക്കണം. ആസത്തായ ഒരു കാര്യങ്ങളും കാണുകയോ കേള്‍ക്കുകയോ ചെയ്യരുത്‌. രണ്ടുനേരവും ഗൃഹത്തില്‍ വിളക്കുതെളിച്ച്‌ ദേവീ ഭജനത്തില്‍ മുഴുകേണ്ടതാകുന്നു. ഇഷ്ടകാര്യ പ്രാപ്തിക്കായും കുടുംബൈശ്വര്യത്തിനായും മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ സാക്ഷാത്‌ അന്നപൂര്‍ണാസ്വരൂപിണിയായ ആവടയമ്മ നിശ്ചയമായും ചിത്തത്തിലലിവുള്ളവളായി ഭക്തഗൃഹത്തില്‍ എത്തി സര്‍വ്വൈശ്വര്യങ്ങളും തന്ന്‌ അനുഗ്രഹിക്കുന്നതാണ്‌. അതിനായി സമ്പൂര്‍ണ്ണ ശുദ്ധിയാണ്‌ അവശ്യം വേണ്ടത്‌. മനസ്സാ-വാചാ-കര്‍മ്മണ ഭഗവതീ നാമത്തില്‍ അര്‍പ്പിതമാകണം ഈ സപ്തദിനങ്ങളും. എങ്കിലെ വ്രതം പൂര്‍ണ്ണമാകുന്നുള്ളു.

വ്രതങ്ങള്‍ പൊതുവില്‍ മൂന്നു വിധം. നിത്യം, നൈമിത്തികം, കാമ്യം .....

ഫലം
വാഞ്ചിതാര്‍ത്ഥ പ്രദായിനിയായ ഭഗവതിയ്ക്ക്‌ മുന്നില്‍ മനസ്സു തുറന്നു പ്രാര്‍ത്ഥിക്കാന്‍ ഭക്തര്‍ക്ക്‌ സാധിക്കുന്നതാണ്‌. ലൗകീകകാര്യ സിദ്ധ്യര്‍ത്ഥവും ജീവിത മോക്ഷത്തിനായുമൊക്കെ ഒരു യാഗമെന്നോണം പൊങ്കാല അര്‍പ്പിക്കാവുന്നതാണ്‌. അഭീഷ്ടസിദ്ധിയെന്നാല്‍ ആഗ്രഹിക്കുന്നതെന്തുമെന്നാണ്‌. ആഗ്രഹം എത്രമാത്രം വലുതാണോ അത്രമാത്രം തീവ്രമാകണം പ്രാര്‍ത്ഥനയും. അസുഖം മാറും, കുടുംബൈശ്വര്യവും, ഉയര്‍ച്ചയും ഉണ്ടാകും, ഉദ്യോഗം ലഭിക്കും, സത്സന്താനലാഭം ഉണ്ടാകും, മംഗല്യയോഗം സിദ്ധിക്കും, ധനധാന്യസമൃദ്ധിയുണ്ടാകും എന്നിവ ചുരുക്കം ചില സാധാരണ ഫലങ്ങളാണ്‌.

തെക്ക്‌ ഒഴികെ ഏതു ദിക്കിലേക്കു തിരിഞ്ഞും പൊങ്കാല സമര്‍പ്പണം നടത്താം. പൊങ്കാല സമര്‍പ്പണത്തിനു ശേഷം ആ പ്രസാദ പായസാന്നം എല്ലാവര്‍ക്കും പങ്കുവെച്ച്‌ നല്‍കേണ്ടതാണ്‌. പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കുമൊക്കെ നല്‍കുന്നത്‌ ദേവീയില്‍ സന്തോഷം ഉളവാക്കുമെന്ന്‌ പറയപ്പെടുന്നു. ശേഷം ആ കലത്തില്‍ ജഗത്‌ ജനനിയായ തുളസിയെ നട്ടു പിടിപ്പിക്കേണ്ടതാകുന്നു. ഇത്‌ അടുത്ത വര്‍ഷം വരേക്കും ഭഗവതി ചൈതന്യത്തെ ഗൃഹത്തില്‍ നിന്നും മാറ്റാതെ സംരക്ഷിക്കുന്നുവെന്നാണ്‌ ഭക്തരുടെ വിശ്വാസം.

സര്‍പ്പപൂജ
നമ്മുടെ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും തുലാമാസം ഒന്നാം തീയതി സര്‍വ്വ ആചാരപ്പെരുമയോടും കൂടി സര്‍പ്പബലി നടത്തിവരുന്നു. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ പൂജകള്‍ നടത്തി മഞ്ഞള്‍പൊടിയഭിഷേകം നടത്തുന്നു. തുടര്‍ന്ന്‌ സര്‍പ്പപ്രീതിക്കായി നൂറുപാലും സമര്‍പ്പിക്കുന്നു. മേടമാസത്തിലെ ആയില്യം, മകം നാളുകളിലും വിശേഷാല്‍ സര്‍പ്പപൂജ, ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌.


പേര്
മൊബൈല്‍
ഇമെയില്‍
സന്ദേശം

സന്ദര്‍ശന സമയം : എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലേ 5:30 മുതല്‍ 9:30 വരെ. വൈകുന്നേരം 6 മുതല്‍ 7:30 വരെ
© Copyright All rights reserverd by താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍